പത്രപ്രവര്‍ത്തനം എന്ന തൊഴിലിന്റെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തും സഞ്ചരിക്കാന്‍ ഇടവന്നിട്ടുണ്ട്. അപ്പോഴൊക്കെ മലയാളികളുമായി ഇടപഴകാനും സ്വാഭാവികമായും കഴിഞ്ഞിട്ടുണ്ട്. ‘പാമ്പാടിക്കാരനാണ്’ എന്നറിഞ്ഞാലുടന്‍ ആദ്യത്തെ ചോദ്യമോ പ്രതികരണമോ ഇതായിരിക്കും. ‘പാമ്പാടി തിരുമേനിയുടെ നാടല്ലേ?’ ചോദ്യത്തിനു മുന്‍പു തന്നെ എന്റെ ഉത്തരം തയാറായിരിക്കും. തിരുമേനിയുടെ ഗുരുവര്യനായ മഠത്തില്‍ ആശാന്റെ അനന്തര തലമുറയില്‍പ്പെട്ടയാളാണ് എന്ന് അഭിമാനത്തോടെ വിവരിക്കുമ്പോഴത്തെ സ്നേഹവായ്പ് പല കുറി ലഭിക്കാനുള്ള ഭാഗ്യം ഈ ലേഖകന്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം തിരുമേനിയെയും എന്റെ നാടിനെയും പ്രപിതാമഹനായ മഠത്തില്‍ ആശാനെയുമെല്ലാം മനസുകൊണ്ടു വണങ്ങിയിട്ടുണ്ട്.
ഇന്നത്തെ കാലത്തു പാമ്പാടിയും കേരളവും മാത്രമല്ല ഈ രാജ്യം മുഴുവന്‍ അറിയുകയും മാതൃകയാക്കുകയും ചെയ്യേണ്ടതാണ് ആ ഗുരുശിഷ്യബന്ധം. എന്തിനെയും വര്‍ഗീയമായ കണ്ണില്‍ കൂടി മാത്രം കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്ക് അത് അംഗീകരിക്കാന്‍ തന്നെ പ്രയാസമായിരിക്കും. അതിനപ്പുറം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ചൂണ്ടിക്കാണിക്കേണ്ട ഉദാത്തമായ ഒരു സ്നേഹബന്ധമായിരുന്നു അത്. ഞങ്ങളുടെ നാട്ടിലെ ആദ്യത്തെ വിദ്യാലയമായിരുന്നു പള്ളിവാതുക്കല്‍ പള്ളിക്കൂടം. ബാക്കിയൊക്കെ നാട്ടാശാന്മാരുടെ കളരികള്‍. സര്‍ക്കാര്‍ അംഗീകരിച്ച ഈ പള്ളിക്കൂടത്തിലെ അധ്യാപകനായിരുന്നു മഠത്തില്‍ ആശാനെന്ന സി.ജി. രാമന്‍പിള്ള. വീടിനടുത്തുള്ള ഈ സ്ക്കൂളില്‍ കുര്യാക്കോസ് എന്ന ആ കുട്ടിയെ ചേര്‍ത്തതാണ് എല്ലാത്തിനും തുടക്കം. ഗുരുഭക്തിയിലും പഠനത്തിലും ക്ലാസ്സില്‍ ഒന്നാമനായ കുര്യാക്കോസിനോട് ശിഷ്യന് എന്നതില്‍ ഉപരിയായി പുത്രനിര്‍വിശേഷമായ വാത്സല്യം ആശാനു തോന്നി. ആ ബന്ധമാണു പിന്നീടു പാമ്പാടിയുടെ ഹൃദയത്തോടു ചേര്‍ത്തുവച്ച ഒന്നായിമാറിയത്. പൂവ് ചോദിച്ച ശിഷ്യനു പൂന്തോട്ടം കൊടുത്ത മഹാമനസ്കത അപൂര്‍വമാകാം. ഒടുവില്‍ സംഭവിച്ചത് അതാണ്. പ്രാര്‍ത്ഥനാ വഴിയില്‍ നടന്ന ശിഷ്യന് ഒടുവില്‍ ശിഷ്ട ജീവിതം നയിക്കാന്‍ ഇത്തിരി ഇടം ചോദിച്ചപ്പോള്‍ ഒരു പ്രദേശം മുഴുവന്‍ ഇഷ്ടദാനമായി നല്കാന് മഠത്തിലാശാനു ഭാഗ്യം വന്നു. അതാണ് ഇന്നത്തെ പാമ്പാടി ദയറ കുടികൊള്ളുന്ന പൊത്തന്‍പുറത്തെ പുണ്യഭൂമി. ആദിമകാലം മുതല്‍ കളങ്കമില്ലാത്ത കര്‍ഷകജനതയുടെ ആവാസഭൂമിയായിരുന്നു ഞങ്ങളുടെ നാട്. ജാതിക്കും മതത്തിനും എതിരായിരുന്നു അവരുടെ മനസ്സ്. ആഢ്യന്മാരായ ജന്മിമാരോ അവരുടെ വിളംബര ശബ്ദമോ പാമ്പാടിക്ക് അന്നുമിന്നും പരിചിതമല്ല. 1885 ഏപ്രില്‍ നാലിന്, ഉണ്ണിയേശുവിന്റെ ആത്മാവു കടംകൊണ്ട് പേഴമറ്റത്തു വീട്ടില്‍ ജനിച്ച പിഞ്ചോമനപ്പൈതലാണു പിന്നീട് പാമ്പാടി തിരുമേനിയായി ഇന്നു ലോകം മുഴുവന്‍ ആരാധിക്കുന്നത്. സാത്വികനായി ആ തപോധനന്റെ നാട് എന്നത് എക്കാലത്തും പാമ്പാടിക്ക് അഭിമാനമേകുന്ന വിശേഷണമാണ്. ചരാചരങ്ങളോടുള്ള സ്നേഹം ദൈവത്തിന്റെ വരദാനമാണെന്നു ദേശജനങ്ങളെ അദ്ദേഹം പഠിപ്പിച്ചു. ജാതിക്കും മതത്തിനും എതിരായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങളും, ‘ഉയരുക, ഉണര്‍ന്നിരിക്കുക, അറിവുള്ളവരില്‍ നിന്നു പഠിക്കുക’-: തപോമന്ത്രങ്ങളില് ഇതു മുഖ്യമായി അദ്ദേഹം കരുതിപ്പോന്നു. എന്തുകൊണ്ടും മഹാപുരോഹിതന് എന്നേ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ കഴിയൂ. ആത്മീയതയായിരുന്നു അദ്ദേഹത്തിന്റെ കരുത്ത്. പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരെ സ്വര്‍ഗീയ തലത്തിലേക്ക് ഉയര്‍ത്തുന്ന ആരാധനക്കു ശേഷം പുറത്തേക്കിറങ്ങിവരുന്ന തിരുമേനിയുടെ തേജസിനെയും ശോഭയേയും കുറിച്ച് ഏറെ വര്‍ണനകള്‍ കേട്ടിട്ടുണ്ട്. കരുണ, സഹാനുഭൂതി, വിശുദ്ധി, ജീവിതനൈര്‍മല്യം, അചഞ്ചലമായ ഭക്തി, തുടങ്ങി ഒരു ആത്മീയ പുരുഷനു വേണ്ടതെല്ലാം കൃത്യമായി ചേര്‍ന്ന അനുപമ വ്യക്തിത്വം. അനുഗ്രഹം വാങ്ങാന്‍ ദയറായിലെത്തി തിരുമേനിയെ കാണാത്തവര്‍ ഞങ്ങളുടെ നാട്ടില്‍ അന്ന് ആരുമില്ലായിരുന്നു. അശരണന് ആശ്വാസം കൊടുക്കാന്‍ മതമേത് എന്ന് അദ്ദേഹം തിരക്കിയില്ല. വീട്ടില്‍ പട്ടിണിയാണ് എന്നറിഞ്ഞാല്‍ അത്താഴത്തിനായി കരുതിവച്ചിരുന്ന അരി കൊടുക്കാന്‍ പറയുകയല്ല; കല്പിക്കുകയാണു പതിവ് എന്നു കേട്ടിട്ടുണ്ട്. വിശിഷ്ട ഭോജ്യങ്ങള്‍ തിരുമേനിക്കു സമര്‍പ്പിക്കുന്ന പതിവ് അക്കാലത്തു പാമ്പാടിയിലുണ്ടായിരുന്നു. അതിലും ഒരു പങ്ക് മഠത്തില്‍ ആശാന് ആദ്യം കൊടുത്തുവിട്ടിട്ടേ തിരുമേനി ആസ്വദിക്കാറുണ്ടായിരുന്നുള്ളൂ. തിരുമേനിയും ആശാനും ഇന്നില്ലെങ്കിലും ആ വലിയ പാരമ്പര്യം പിന്മുറക്കാര് പിന്തുടരുന്നത് നേരിട്ടറിയാം. ആ ഉജ്വലമായ മനുഷ്യബന്ധമാണ് ഞങ്ങളുടെ നാട് ഈ രാജ്യത്തിനു നല്കുന്ന സൗഹാര്‍ദത്തിന്റെ വലിയ സന്ദേശവും.
മനുഷ്യബന്ധത്തിന്റെ ഉജ്വലമായ ഏട്
