2020 ഏപ്രില്‍ 4, 5 തീയതികളില്‍ പാമ്പാടി വിശുദ്ധൻ്റെ 55 -ാം ഓര്‍മ്മപ്പെരുന്നാള്‍ ദിനങ്ങളായിരുന്നു. പൌരസ്ത്യ ക്രൈസ്തവ ദര്‍ശനവും ഭാരതീയ ഋഷി പൈതൃകവും ഒരു വ്യക്തിത്വത്തില്‍ സമമ്പയിപ്പിച്ച വിശുദ്ധനായ പാമ്പാടി മാര്‍ കുറിയാക്കോസ് പിതാവിൻ്റെ കബറിടവും സ്മരണപുതുക്കലും വിശ്വാസിയെ സംബന്ധിച്ച് സാന്ത്വനങ്ങളാണ്. ലോകം മുഴുവന്‍ പടര്‍ന്നു വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനോടുള്ള പ്രതിരോധത്തിൻ്റെ ഭാഗമായി ബഹുമാനപ്പെട്ട സര്‍ക്കാര്‍ അധികാരികള്‍ നല്‍കിയിരിക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായി മറ്റു കാര്യങ്ങളിലെന്നപോലെ പെരുന്നാള്‍ ചടങ്ങുകളും ഈ വര്‍ഷം ലഘുകരിക്കുകയുണ്ടായി.
കൊറോണ ഒരു ലത്തീന്‍ പദമാണ്. കിരീടം എന്നാണ് ആ വാക്കിന് അര്‍ത്ഥമുള്ളത്. കൊറോണ എന്ന പേരില്‍ ഒരു വിശുദ്ധ റോമന്‍ കത്തോലിക്കാ സഭയില്‍ ഉണ്ടെന്ന് മനസിലാക്കുന്നു. ഇപ്പോള്‍ ലോകമാസകലം വ്യപിച്ചു കൊണ്ടിരിക്കുന്ന അപകടകാരിയായ വൈറസിന് വൃത്താകാരവും രാജകിരീടത്തിലെ പൊടിപ്പുകള്പോലെയുള്ള തൊങ്ങലുകളും ഉള്ളതുകൊണ്ടാണ് കൊറോണ എന്ന പേര് വീണത്. 2019-ൻ്റെ ആദൃഘട്ടത്തില്ത്തന്നെ കൊറോണ വൈറസ് ചൈനയിലെ വുഹാനില്‍ നിന്ന് വ്യാപിച്ചിരിക്കാമെന്നാണ് ചിലരെങ്കിലും സമര്‍ത്ഥിക്കുന്നത്. അതിനുമുമ്പുതന്നെ അമേരിക്കയിലും ഇതുണ്ടായിരിക്കാമെന്ന് മറ്റു പലരും സമര്‍ത്ഥിക്കുന്നുണ്ട്. എന്തായാലും കൊറോണ വൈറസിൻ്റെ വ്യാപനം മുലം ധാരാളം പേര് രോഗാവസ്ഥയിലാകുകയും അതില്‍ ഒരു നല്ല പങ്ക് ആളുകളും മരിക്കുകയും ചെയ്തപ്പോള്‍ ഇനിയും ഇത് മറച്ചുവച്ചാല്‍ കുടുതല്‍ അപകടകരമാകുമെന്ന് മനസിലാക്കിയ ചൈന പ്രസ്തുത വിവരം ലോകാരോഗ്യ സംഘടന (WHO) മുമ്പാകെ 2019 ഡിസംബര്‍ 31-ന് വെളിപ്പെടുത്തുകയുണ്ടായി. WHO ആണ് ഇതിന് കൊറോണ വൈറസ് ഡിസീസ് – 2019 അഥവാ കോവിഡ്-19 എന്ന പേര് നല്‍കിയത്.
ഉല്പത്തി പുസ്തകം ആദ്യ രണ്ടു അദ്ധ്യായങ്ങളില്‍ ലോകസൃഷ്ടിയെക്കുറിച്ചും ലോകത്തിലുള്ള ജീവജാലങ്ങളുടെ സൃഷ്ടിയെക്കുറിച്ചും വര്‍ണന ഉണ്ട്. ഓരോ ദിവസം നടത്തിയ സൃഷ്ടിയും യഥാസ്ഥാനത്തായപ്പോള് “നല്ലത്” എന്ന് ദൈവം കാണുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യൻ്റെ സൃഷ്ടിയെക്കുറിച്ച് പറയുന്നത് അവനെ നിലത്തെ പൊടികൊണ്ട് നിര്‍മ്മിച്ചിട്ട് മുക്കില്‍ ജീവശ്വാസം ഈതിയപ്പോള്‍ അവന് ജീവനുള്ള ദേഹിയായിത്തീര്‍ന്നു എന്നാണ് (ഉല്പത്തി 2:7). മനുഷ്യനും അവന് വസിക്കുന്ന ഭുമിയും തമ്മിലുള്ള താളാത്മകവും അഭേദ്യവുമായ ബന്ധമാണ് അവൻ്റെ നിര്‍മ്മിതി തന്നെ സുചിപ്പിക്കുന്നത്. ഉല്പത്തി 2:15-ന് പ്രകാരം മനുഷ്യൻ്റെ നിയോഗം ദൈവത്തിൻ്റെ പ്രധാന തോട്ടമായ ഭൂമിയില്‍ വേല ചെയ്യുകയും അതിനെ കാത്തുസുക്ഷിക്കുകയും ചെയ്യുക എന്നത് മാത്രമാണ്. സഭയുടെ ആരാധനയില്‍ ഉപയോഗിക്കുന്ന വിശുദ്ധ വേദഭാഗങ്ങളും (ഉദാ, സങ്കീര്‍ത്തനങ്ങള്‍ 19, 91, 121, 148, 149, 113, 150, യെശയ്യാവ് 42, 45) പ്രാര്‍ത്ഥനകളും ഗാനങ്ങളുമെല്ലാം ഈ മനോഹരത്വം ഉറപ്പിക്കുന്നവയാണ്.
ഭൂമിയുടെ കാര്യവിചാരകനായി ദൈവം നിയമിച്ചാക്കിയ മനുഷ്യന് ഭൂമിയെ തൻ്റെ പരീക്ഷണ വസ്തുവാക്കി മാറ്റി. പ്രകൃതിയുടെ താളത്തെ നിലനിര്‍ത്തുവാന്‍വേണ്ടി ദൈവം സൃഷ്ടിച്ചാക്കിയ മനുഷ്യന് ജീവജാലങ്ങളെ
ഭൂമിയില്‍ നിന്ന് ഉന്മുലനം ചെയ്തു. ഭൂമിയേയും സര്‍വ്വസൃഷ്ടി പ്രപഞ്ചത്തേയും കാത്തു പരിപാലിക്കുവാന്‍ ദൈവം സൃഷ്ടിച്ചാക്കിയ മനുഷ്യനെക്കൊണ്ട് (സങ്കീര്‍ത്തനം 8) ഇവയ്ക്കൊന്നിനും ഒരു ഉപകാരവും ഇല്ലാതെ
പോയി. ഭൂമിയിലുണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ ദുരന്തങ്ങളുടേയും കാരണക്കാരനായി മനുഷ്യന് മാറി. മറ്റുജീവജാലങ്ങള്‍ വേറെ എന്തിനെയെങ്കിലും കൊല്ലുന്നത് അവയെ സൃഷ്ടിച്ചപ്പോള്‍ നല്കിയ നിയോഗം പോലെ അവയുടെ ജീവസന്ധാരണത്തിനുവേണ്ടിയോ വിശപ്പടക്കുന്നതിനുവേണ്ടിയോ അവയുടെ ജീവനു ഭീഷണി നേരിടുന്നു എന്ന തോന്നലുള്ളപ്പോഴോ മാത്രമാണ്. മനുഷ്യന് മറ്റു ജീവജാലങ്ങളെ കൊല്ലുന്നത് വിശപ്പടക്കുവാന്വേണ്ടി മാത്രമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യുത അവയുടെമേല്‍ തൻ്റെ അധികാരം ഉറപ്പിക്കുവാനും താനാണ് അവയെക്കാള്‍ ഉന്നതന് എന്നു കാണിക്കുവാനും തൻ്റെ ഉന്മാദത്തിനും ഒക്കെവേണ്ടിയാണ്. ഇതിനെതിരെ ധാരാളം മുന്നറിയിപ്പുകള്‍ മനുഷ്യചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്.
1720-ല്‍ ഫ്രാന്‍സിലെ മാര്‍സൈലെ നഗരം വലിയ പ്ലേഗ് രോഗത്തിൻ്റെ പിടിയിലമര്‍ന്നു. ഒരു ലക്ഷം ആളുകളെ അത് കൊന്നൊടുക്കി. 1820-ല്‍ കോളറ രോഗം ഇന്തോനേഷ്യയിലും തായ്ലൻഡിലും ഫിലിപ്പൈന്‍സിലും ഒക്കെ ലക്ഷങ്ങളെ കൊന്നു കളഞ്ഞു. 1920-ലെ സ്പാനിഷ് ഫ്ളു ഒരു മഹാമാരിയായി വന്ന് 10 കോടിയിലധികം ആളുകള്‍ മരിക്കുകയുണ്ടായി. ഇന്ത്യ ഉള്‍പ്പെടെ ഓരോ രാജ്യങ്ങളിലും പ്രകൃതിദുരന്തങ്ങള്‍ കാലാകാലങ്ങളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലെ കാട്ടുതീ, ഗള്‍ഫ് മേഖലയിലെ പൊടിക്കാറ്റുകളൊക്കെ വാര്‍ത്താപ്രാധാന്യംപോലും ഇല്ലാതെ തുടരുന്നു. കേരളത്തില്‍ ഓരോ വര്‍ഷവും കുറഞ്ഞത് ഒരു ദുരന്തമെന്നത് തുടര്‍ക്കഥയാകുന്നു. ജലപ്രളയ ദുരന്തങ്ങളും നിപാ വൈറസിൻ്റെ വ്യാപനവുമൊക്കെ കേരളീയരുടെ മനസുകളില്‍ നിന്ന് മാഞ്ഞുപോകുവാന്‍ സമയമായിട്ടില്ല. 2020-ല്‍ കൊറോണ വൈറസിൻ്റെ വ്യാപനഭീതി മുലം ലോകം മുഴുവനും അടച്ചിട്ടു. ചൈന, അമേരിക്ക, യുറോപ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയ ഒന്നാംകിട രാജ്യങ്ങളെന്ന് അഭിമാനിക്കുന്നവരെ കൊറോണ ഏകദേശം പൂര്‍ണമായും വിഴുങ്ങി. ഇന്ത്യ മുഴുവന്‍ ദീര്‍ഘനാളത്തെ കര്‍ഫ്യുവില്‍ മുങ്ങി. ഇതില്‍ ചൈന വീണ്ടും പിച്ചവച്ചു തുടങ്ങി എന്ന് കേള്‍ക്കുന്നു.
ജ്യോതിഷുകള്ക്കും സംഖ്യാശാസ്ത്രജ്ഞന്മാര്ക്കും ശാസ്ത്രീയ ഗവേഷകര്‍ക്കും ദൈവശാസ്ത്രജ്ഞന്മാര്‍ക്കും ഒന്നും വ്യക്തമായ ഉത്തരം കണ്ടെത്തുവാന്‍ കഴിയാത്ത അവസ്ഥ. 150 നാനോമീറ്റര്‍ മാത്രം വലുപ്പമുള്ള കൊറോണ വൈറസിൻ്റെ ഭീഷണിയുടെ അളവ് എവിടെ വരെ? ഏകദേശം 550 മില്യണ്‍ കിലോമീറ്റര്‍ സ്ക്വയര്‍ വലുപ്പമുള്ള ഭൂമിയുടെ ഉള്ളില്‍ നാം ഇപ്പോള്‍ ജീവിക്കുന്നത് പ്രകൃതിദത്തമായ പകര്ച്ചവ്യാധിക്കിടയിലോ മനുഷ്യനിര്‍മ്മിത പകര്ച്ചവ്യാധിക്കിടയിലോ? ജീവനോടെ അവശേഷിക്കുന്നവര്‍ക്ക് സമുഹനന്മക്കുവേണ്ടി തുടര്‍ പരിശോധന നടത്താവുന്നതാണ്. മനുഷ്യജാതിയെ ഉന്മുലനം ചെയ്യുവാന്‍വേണ്ടി പ്രകൃതി പുറത്തെടുത്തിരിക്കുന്ന ആന്റിവൈറസ് ആണോ കൊറോണ? അതിന് ഒരു സാധ്യതയുണ്ടെന്നാണ് ലേഖകൻ്റെ ചിന്ത. പ്രകൃതിയെ കാത്തുസുക്ഷിക്കുവാന്‍ വേണ്ടി ദൈവം ഭരമേല്പിച്ച മനുഷ്യന് പ്രകൃതിക്ക് ഒരു തരത്തിലും ഉപയോഗമില്ലാത്തവനായി മാറിയില്ലേ? പ്രകൃതിയോട് മറുതലിക്കുന്ന മനുഷ്യന് എതിരെ പ്രകൃതിയുടെ മറുതലിപ്പല്ലേ ഇത്. മറുതലിക്കുന്ന മാനവജാതിയെ നിശബ്ദരാക്കിക്കൊണ്ട് ഭൂമിയും സമുദ്രവും മേഘവും ആകാശവുമൊക്കെ വിശുദ്ധീകരിക്കപ്പെട്ട താളാത്മകമാക്കുന്ന സമയമാണോ ഇത്?വിമാനങ്ങളില്ലാത്ത ആകാശവും കപ്പലുകളില്ലാത്ത കടല്ചാലുകളും വാഹനങ്ങളില്ലാത്ത ദേശീയപാതകളും മിസൈലുകളും സ്ഫോടനങ്ങളുമില്ലാത്ത നയതന്ത്രങ്ങളുമൊക്കെ പ്രകൃതിയുടെ വികൃതികളാണോ? ഇങ്ങനെ പല ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നു.
സഭയുടെ കാനോന നമസ്കാരത്തില്‍ ശനിയാഴ്ച സൂത്താറ പ്രാർത്ഥന സമയത്ത് വിശുദ്ധ വേദപുസ്തകത്തില്‍ നിന്ന് വാക്യങ്ങളെടുത്ത പിതാക്കന്മാര് രൂപപ്പെടുത്തി നല്‍കിയിരിക്കുന്ന ഒരു യുഗാന്ത്യപ്രാര്ത്ഥന നാം ആലപിക്കാറുണ്ട്: “അന്ത്യകാലമടുക്കുമ്പോള് ഭുതലത്തിന് ദുരിതം. അന്യായവും ദുഷ്ടതയും അശുദ്ധിയും മുലം അത് നശിച്ചുപോകും. പ്രസവിപ്പാന്‍ തുനിയുന്ന മാതാവിനെപ്പോലെ ഭുമി വിലപിക്കും. അതില്‍ യുദ്ധങ്ങളും കലഹങ്ങളും വര്‍ദ്ധിക്കുകയും അത് വീണുപോകുവാന്‍ തക്കവണ്ണം കുലുങ്ങുകയും ചെയ്യും. ശുശ്രൂഷകളും കുര്‍ബ്ബാനകളും ലോകത്തില്‍ നിന്ന് മാഞ്ഞുപോകും. അത്യാഗ്രഹവും ദ്രവ്യസ്നേഹവും ഭൂമിയില്‍ പെരുകും. അന്ത്യകാലത്തില്‍ ജനം ജനത്തിന് വിരോധമായി എഴുന്നേല്ക്കുകയും ഗ്രാമങ്ങള്‍ നശിച്ചുപോകുകയും പട്ടണങ്ങളില്‍ ഭുകമ്പം ഉണ്ടാകുകയും ചെയ്യും. കര്‍ത്താവേ ഇതാ പള്ളികളില്‍ നിന്നും ദയറാകളില്‍ നിന്നും നിൻ്റെ മഹത്വം പൊയ്പ്പോകുവാനുള്ള കാലം സമീപിച്ചിരിക്കുകയാല്‍ അവയെക്കുറിച്ച് നിനക്ക് സഹതാപം തോന്നണമേ”. ഇത് ഇറ്റുനോവിൻ്റെ ആരംഭമോ?
കൊറോണ വൈറസിൻ്റെ വ്യാപനകാലത്ത് മനുഷ്യനൊഴികെ മറ്റെല്ലാ ജീവജാലങ്ങളും സ്വതന്ത്രരായി എന്നൊരു തോന്നല്‍. പക്ഷികളും മൃഗങ്ങളും സന്തോഷത്തോടെ ഉല്ലസിച്ച് ജീവിക്കുന്നു. മനുഷ്യന് അവനെത്തന്നെ പേടിക്കുന്ന അവസ്ഥ. സ്വന്തകരങ്ങള് വായിലോ മുക്കിലോ കണ്ണിലോ തൊടാന്‍ പാടില്ല എന്ന ജാഗ്രതാ സന്ദേശം മനുഷ്യന് അവനെത്തന്നെ ഭയന്ന് ജീവിക്കുവാന്‍ ഉള്ളതല്ലേ? മത്സരബുദ്ധിയോടെ ജീവിക്കുന്നവന് ഇന്ന് ഒരു കൈകൊടുക്കുവാന്പോലും ഭയമാകുന്നു. ഇപ്പോഴത്തെ സാഹചര്യത്തിന് കാരണക്കാരായി ചൈനയേയും അമേരിക്കയേയും ഇറ്റലിയേയും മറ്റു വിദേശരാജ്യങ്ങളേയുമൊക്കെ വീക്ഷിക്കാമെങ്കിലും പ്രധാന കാരണക്കാരന്‍ നമ്മുടെയൊക്കെയുള്ളിലുള്ള മനുഷ്യന് തന്നെയല്ലേ? എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഓരോ രാജ്യവും മതവും സമുദായവും സഭയും കുടുംബവും വ്യക്തിയുമൊക്കെ അവരുടെ സ്വാര്‍ത്ഥ സന്തോഷത്തിന് വേണ്ടി മാത്രം വെട്ടിപ്പിടിച്ചു ജീവിക്കുവാന്‍ ശ്രമിച്ചപ്പോള്‍ ഉണ്ടാക്കിയ ആന്തരിക അകലങ്ങളെ ഇപ്പോള്‍ കൊറോണ വൈറസ് ആക്ഷരികമായും അകലങ്ങളിലാക്കി. Social Distance, Break the Chain എന്ന പദങ്ങളെ കൊറോണ വൈറസ് നിര്‍മല പദങ്ങളാക്കി മാറ്റിയിരിക്കുന്നു. മതങ്ങള്‍ക്കോ സമുദായങ്ങള്‍ക്കോ സഭകള്‍ക്കോ പള്ളികള്‍ക്കോ അവരൊക്കെ കടന്നു വന്ന മാര്‍ഗങ്ങളെ പുനഃപരിശോനയ്ക്ക് വിധേയമാക്കേണ്ട സമയം കഴിഞ്ഞു എന്ന് അര്‍ത്ഥം. മലങ്കര സഭാ മക്കള്‍ വിശുദ്ധ വേദപുസ്തകത്തിലെ 51–ാം മസുമൂര്‍ ഹൃദയരാഗത്തില്‍ ആവര്‍ത്തിച്ച് ആലപിച്ചാല്‍ ഒരു സ്വയാവബോധം ഉണ്ടാകുമെന്നാണ് കരുതുന്നത്. നാം കൂടുതല്‍ സ്വാര്‍ത്ഥതയിലേക്ക് പോയാല്‍ നമ്മുടെ സമുഹത്തില്‍ അരാജകത്വം സൃഷ്ടിക്കപ്പെടുമെന്നതിൻ്റെ പ്രത്യക്ഷ ഉദാഹരണമായി കൊറോണ വൈറസിൻ്റെ വ്യാപനത്തെ വിലയിരുത്തുന്നത് നമ്മില്‍ ഋണാത്മകമായ ഒരു രുപാന്തരത്തിന് വഴിതെളിക്കും.
വിശുദ്ധ വേദപുസ്തകത്തില്‍ ഉല്പത്തി പുസ്തകത്തില്‍ത്തന്നെ രണ്ട് സംഭവങ്ങളുടെ വിവരണങ്ങളുണ്ട്. ഒന്നാമത്തേത്, 6 മുതല്‍ 8 വരെയുള്ള അദ്ധ്യായങ്ങളില്‍ വിവരിക്കുന്ന നോഹയുടെ കാലത്തെ ജലപ്രളയം. രണ്ടാമത്തേത്, 18, 19 അദ്ധ്യായങ്ങളില്‍ വിവരിക്കുന്ന ലോത്തിൻ്റെ കാലത്തിലെ സോദോം ഗോമോറോ നാശം. രണ്ടു സംഭവങ്ങളുടേയും കാരണമായി കാണുന്നത് മനുഷ്യൻ്റെ ദൈവത്തിനെതിരെയുള്ള പാപങ്ങളാണ്. പക്ഷേ ദൈവം നീതിയും സത്യവുമുള്ളതിനെ ഭൂമിയില്‍ ജീവൻ്റെ തുടര്‍ തുടിപ്പിന് മാറ്റിനിര്‍ത്തി. 40 രാവും 40 പകലും ദൈവകല്പനപ്രകാരം നോഹയും കുടുംബവും ‘തെരഞ്ഞടുക്കപ്പെട്ട ജീവജാലങ്ങളും പെട്ടകത്തില്‍ കഴിഞ്ഞു. പൂര്‍ണമായി അടയ്ക്കപ്പെട്ട പെട്ടകത്തിനുള്ളില്‍ അവരോടൊപ്പം ഉണ്ടായിരുന്നത് ദൈവകൃപ മാത്രമായിരുന്നു. നോഹയും കുടുംബവും പ്രാര്‍ത്ഥിച്ചും സ്നേഹിച്ചും മറ്റു ജീവികളെ പരിപാലിച്ചും പെട്ടകത്തിനുള്ളില്‍ കഴിഞ്ഞു. ലോത്തിനെയും കുടുംബത്തേയും ദൈവം കടാക്ഷിച്ചത് അബ്രഹാമിനെ ഓര്‍ത്ത് മാത്രമാണ്. എന്നാല്‍ ആ തിരുകടാക്ഷത്തില് നിന്നും ലോത്തിൻ്റെ ഭാര്യ വഴുതിപ്പോയ സംഭവവും നമുക്ക് അറിയാവുന്നതാണ് (ഉല്പത്തി 19:26). ദൈവസന്നിധിയില്‍ വിശ്വസ്തതയോടെ ജീവിക്കുകയും അവൻ്റെ കല്പനകള് ആചരിക്കുകയും ചെയ്യുന്നവരില്‍ നിന്ന് പുതുജീവന്‍ പൊട്ടി മുളക്കുമെന്നത് വിശുദ്ധ വേദപുസ്തക സത്യമാണ്. നിയോഗമില്ലാത്തവന്‍ സ്വയമേവ വഴുതിപ്പോകുകയും ചെയ്യും.
ഇപ്പോഴത്തെ അവസ്ഥയില്‍ വൈറസിൻ്റെ വ്യാപനത്തെ തടയുകയും ഇരകളായവര്‍ക്ക് സാന്ത്വനവും സഹായവും നല്‍കുകയും ചെയ്യുക എന്നതിനാണ് പ്രാധാന്യം. വൈറസിനെതിരെയുള്ള വാക്സിനുകളോ മരുന്നുകളോ ഇതുവരേയും കണ്ടുപിടിച്ചിട്ടില്ലാത്ത സ്ഥിതിക്ക് സര്‍ക്കാരുകള്‍ നല്കുന്ന നിബന്ധനകള്‍ പാലിച്ച് സാമുഹിക അകലം പാലിക്കുകയും ശുചിത്വം പാലിച്ചുകൊണ്ട് വൃത്തിയോടെ ഭവനങ്ങളില്‍ത്തന്നെ ആയിരിക്കുകയുമാണ് നല്ലത്. പുറപ്പാട് പുസ്തകം 12-ാം അദ്ധ്യായത്തില്‍ സംഹാരദൂതന്‍ ഇസ്രായേല്‍ മക്കളുടെ ഭവനത്തില്‍ പ്രവേശിക്കാതിരിക്കുവാന്‍ കുഞ്ഞാടിനെ അറുത്ത് അതിൻ്റെ രക്തം അവരുടെ വീടിൻ്റെ കവാടത്തിലെ കട്ടിളപ്പടികളില്‍ തളിച്ചശേഷം വീടുകള്‍ക്കുള്ളില്‍ അവര്‍ ഇരിക്കണമെന്ന് യഹോവ കല്പിക്കുന്നതായി നാം വായിക്കുന്നുണ്ട്. സാംക്രമിക രോഗങ്ങളുടെ കാലത്ത് അത് ഭേദമാകുന്നതുവരെ വേറിട്ട താമസിക്കുന്നതിനെക്കുറിച്ച് ലേവ്യ പുസ്തകത്തിലും വിവരിക്കുന്നുണ്ട് (ലേവ്യ 14:8,9). കൊറോണയെ ഒരു മഹാമാരി ആയിട്ടാണ് WHO പ്രഖ്യാപിച്ചിരിക്കുന്നത്. സങ്കീര്‍ത്തനങ്ങളില്‍ ഇരുട്ടില്‍ സഞ്ചരിക്കുന്ന നാശകരമായ മഹാമാരിയെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു (സങ്കീര്‍ത്തനങ്ങള്‍ 91:3,6). മഹാമാരി വരുമ്പോള്‍ ജനം തങ്ങളുടെ ദുര്‍മാര്‍ഗങ്ങളെ വിട്ടുതിരിഞ്ഞ് യഹോവയോട് പ്രാര്‍ത്ഥിച്ചാല്‍ ദേശത്തിന് സൌഖ്യം ഉണ്ടാകും (2 ദിനവൃത്താന്തം 27:14). സ്വര്‍ണനാവുകാരനായ മാര്‍ ഈവാനിയോസിൻ്റെ അഭിപ്രായത്തില്‍ ശരീരത്തിലുണ്ടാകുന്ന വേദനകള്‍, രോഗങ്ങള്‍, ക്ലേശങ്ങള്‍ എന്നിവ നമ്മുടെ പാപമോചനത്തിനുള്ള മരുന്നുകളായി കണക്കാക്കപ്പെടേണ്ടതാണ്. അവ നമ്മെ വിശുദ്ധീകരിക്കുന്ന അഗ്നിച്ചുളകളാണ്. ആകയാല്‍ “എൻ്റെ ജനമേ വന്ന് അറകളില്‍ കടന്ന് വാതിലുകളെ അടയ്ക്കുക. ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്ക് ഒളിച്ചിരിക്കുക” (യെശയ്യാവ് 26:20). നമ്മുടെ കര്‍ത്താവ് അരുളിച്ചെയുന്നു, “നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്ന് വാതിലടച്ച് രഹസ്യത്തിലുള്ള നിൻ്റെ പിതാവിനോട് പ്രാര്‍ത്ഥിക്കുക. രഹസ്യത്തില്‍ കാണുന്ന പിതാവ് നിനക്ക് പ്രതിഫലം തരും. പ്രാര്ത്ഥിക്കുകയില് ജാതികളെപ്പോലെ ജല്പനം ചെയ്യരുത്. അതിഭാഷണത്താല്‍ ഉത്തരം കിട്ടും എന്നല്ലോ അവര്‍ക്ക് തോന്നുന്നത്. അവരോട് തുല്യരാകരുത്” (മത്തായി 6:6).
കൊറോണ വൈറസിൻ്റെ വ്യാപനം പഠിപ്പിക്കുന്ന ചില നല്ല പാഠങ്ങളുണ്ട്. വിശുദ്ധ വേദപുസ്തകത്തില്‍ പുതിയ നിയമത്തിലെ ആദ്യപാഠം ഗാര്ഹികസഭകളിലെ പ്രാര്‍ത്ഥനാ കൂട്ടായ്മകളെക്കുറിച്ചായിരുന്നു. ക്രൈസ്തവ സഭയുടെ വളര്‍ച്ചയില്‍ ദേവാലയങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ കുടുംബാരാധനകളുടെ പ്രാധാന്യം നഷ്ടപ്പെടുത്താതെ നമ്മുടെ പൂര്‍വ്വീകര്‍ ജീവിച്ചിരുന്നു. ആധുനികത ഈ വിശുദ്ധ ക്രിയയെ നഷ്ടപ്പെടുത്തിയപ്പോള്‍ കൊറോണയുടെ വരവുമുലം കുടുംബാരാധന പുനഃരാരംഭിക്കുവാനും മാതാപിതാക്കളും മക്കളും ഒരുമിച്ച ഭക്ഷിക്കുവാനും ആശയവിനിമയം നടത്തുവാനും ഇടയാക്കി. എപ്പോഴും തിരക്കിലായിരുന്ന ആളുകള്‍ വിശ്രമിക്കുവാനും ധ്യാനിക്കുവാനും സമയം കണ്ടെത്തി. പഴയ കാലങ്ങളില്‍ വീടുകളുടെ പടിവാതില്ക്കല് ശുചീകരണത്തിനുവേണ്ടിവച്ചിരുന്ന കിണ്ടിയുടേയും വെള്ളത്തിൻ്റെയും സംസ്കാരം തിരിച്ചുകൊണ്ടുവരുവാന്‍ സാധിച്ചു. ആര്‍ഭാടം ഇല്ലാതെ ലളിതമായി വിവാഹം, ശവസംസ്കാരം, പെരുന്നാളുകള്‍, ആചാരങ്ങള്‍ തുടങ്ങി പലതും നടത്താമെന്ന് പഠിച്ചു. പരസ്പരം കൈകൊടുക്കുന്ന പാശ്ചാത്യ രീതിയല്ല, പരസ്പരം കൈകൂപ്പി വണങ്ങുന്ന ഭാരതീയരീതിയാണ് ഉത്തമമെന്ന് പാശ്ചാത്യയര്പോലും മനസിലാക്കി. പ്രകൃതിയെ ചുഷണം ചെയ്യുന്നത് ഒരു കാരണവശാലും ഭൂഷണമല്ലയെന്ന തത്വം അനുഭവത്തിലൂടെ മനസിലാക്കി-ഇങ്ങനെ അനവധി പാഠങ്ങള്‍… ഒരു പനി മാറ്റാന്‍ കഴിയാത്ത ലോകത്തിൻ്റെ ശാസ്ത്രത്തിലോ സാങ്കേതിക വിദ്യയിലോ സാമ്പത്തിക ഭദ്രതയിലോ അമിതമായി ആശ്രയിക്കരുതെന്നും ദൈവം നമുക്ക് ദാനമായി തന്നിരിക്കുന്ന ഈ ഭുമിയും പ്രകൃതിയും നന്ദിയോടെ ഉപയോഗിക്കണമെന്നും സമ്പത്തോ ധനമോ കണ്ടിട്ട അഹങ്കരിക്കുകയോ ദുര്‍വ്യയത്തിന് മുതിരുകയോ ചെയ്യരുതെന്നും ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം മാത്രമാകുന്നുവെന്നും ഈ കൊറോണ വൈറസ് നമ്മെ പഠിപ്പിക്കുന്നില്ലേ? പാഠങ്ങളെ ഉള്‍ക്കൊണ്ടില്ലെങ്കില്‍ ഇനിയും പരീക്ഷണങ്ങള്‍ ഉണ്ടായാലോ?
പരിശുദ്ധ പാമ്പാടിത്തിരുമേനിയുടെ പെരുന്നാളിനെക്കുറിച്ച് സൂചിപ്പിച്ചു കൊണ്ടായിരുന്നു ഈ ലേഖനം തുടങ്ങിയത്. ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ പല അത്ഭുതങ്ങളും പാമ്പാടിത്തിരുമേനിയുടെ പ്രാർത്ഥന മുലം ഉണ്ടായിട്ടുണ്ട്. അദ്ദേഹവും പരിശുദ്ധ പരുമലത്തിരുമേനിയും ഭാഗ്യസ്മരണാർഹനായ പത്രോസ് മാര്‍ ഒസ്താത്തിയോസ് തിരുമേനി തുടങ്ങി പല പിതാക്കന്മാരും പ്രകൃതി നിയമങ്ങളോട് ചേര്‍ന്ന് ജീവിക്കുകയും ദൈവസൃഷ്ടിയുടെ താളത്തെ ദൈവീകമായി കാത്തുസുക്ഷിക്കുകയും ചെയ്തവരാണ്. നമ്മുടെ ലോകം കൊറോണ വൈറസിൻ്റെ സംഹാരതാണ്ഡവത്തില്‍ വിറച്ചു നില്ക്കുമ്പോള് 1935-ല്‍ കുന്നംകുളം ദേശത്തുണ്ടായ ഒരു പ്ലേഗ് ബാധയെ സ്മരിക്കുന്നത് ഉചിതമായിരിക്കും. കുന്നംകുളം ദേശത്തുണ്ടായ പ്ലേഗ് ബാധയെക്കുറിച്ച് അറിഞ്ഞുകൊണ്ട് പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ അറിവോടുകുടി അവിടെയെത്തിയ പരിശുദ്ധ പാമ്പാടിത്തിരുമേനിയുടെ തൃപ്പാദങ്ങളുടെ സ്പര്‍ശനം കുന്നംകുളത്തെ മണ്ണിന് ലഭിച്ചതോടുകുടി പ്ലേഗ് അതിൻ്റെ സംഹാരതാണ്ഡവം നിര്‍ത്തി എന്നതാണ് ചരിത്രം. പരിശുദ്ധൻ്റെ പ്രാര്‍ത്ഥനയാലും സ്പര്‍ശനത്താലും പ്ലേഗ് രോഗം അവിടെ നിന്ന് അപ്രത്യക്ഷമായി. ദൈവവിശ്വാസത്തിൻ്റെ ഉള്‍ക്കരുത്തില്‍ ഒരു ദേശത്തെ സഖ്യമാക്കുകയും നിര്മലീകരിക്കുകയും ചെയ്ത അത്ഭുതമായിരുന്നു അത്. വിശുദ്ധൻ്റെ പെരുന്നാളില്‍ കുന്നംകുളം ദേശക്കാരുടെ പ്രത്യേകസാന്നിദ്ധ്യം ഇന്നും പ്രസിദ്ധമാണ്. കൊറോണ വൈറസിൻ്റെ ഭീതിയില്‍ വിറച്ചുനില്ക്കുന്ന ലോകത്തോട് വിശുദ്ധന് വിളിച്ചു പറയുന്നു, “ദൈവവിശ്വാസത്തില്‍ ഉറയ്ക്കുക മാനസാന്തരപ്പെടുക, യഹോവ കരുണയുള്ളവന്‍”. വിശുദ്ധൻ്റെ മദ്ധ്യസ്ഥതയില്‍ ദൈവകരുണ നമമുടെ ദേശത്തിനുമേല്‍ വ്യാപിക്കട്ടെ!