‘O God, convert us, and reveal your face, and we shall be saved (OSB)’
എബ്രായ-സുറിയാനി മൂലത്തില്‍ ‘ഓഫേന്’ എന്നവാക്ക് ഉപയോഗിക്കുന്നു. ഇതിന്റെ അര്‍ത്ഥം തിരിയുക എന്നാണ്. To turn , revolve എന്ന് അര്‍ത്ഥമാകും. ഗ്രീക്ക് ഭാഷയില്‍ “അപ്പോ കാറ്റാസ്റ്റാ സിസ്” എന്നതിന് restitution, to set in order, re-constitition, restoration to original or primordial condition എന്നാണ് അര്‍ത്ഥമാക്കുന്നത്.
ഓര്‍ത്തഡോക്സ് സഭയില്‍ നൊമ്പെന്നു കേള്‍ക്കുമ്പോഴേ നമ്മുടെയെല്ലാം മനസ്സില്‍ വരുന്നത് നോമ്പുകാലത്ത് നമുക്ക് എന്തൊക്കെ തിന്നാം, എന്തൊക്കെ തിന്നാന്‍ പാടില്ല എന്ന ചിന്തയാണ്. പാരമ്പര്യമായി കാനോന്‍ പ്രകാരം നോമ്പില്‍ വിലക്കപ്പെട്ട ഭക്ഷണത്തില്‍ എന്തെങ്കിലും അയവുകള്‍ ഏതെങ്കിലും കാലത്ത് ഏതെങ്കിലും പിതാക്കന്മാര് അനുവദിച്ചിട്ടുണ്ടോ എന്നകാര്യത്തിലും പരതി അന്വേഷണം തുടങ്ങും. പ്രത്യേകിച്ച് വലിയ നോമ്പില്‍ പ. ഔഗേന്‍ ബാവായുടെ കല്പനയില് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്ന കേള്‍വിയുടെ അടിസ്ഥാനത്തില്‍ പലരും നോമ്പിലേ വര്ജ്യഭക്ഷണങ്ങള് പാടേ ഉപേക്ഷിച്ചു തുടങ്ങിയിരിക്കുന്നു എന്ന സത്യവും മറച്ചുവയ്ക്കുന്നില്ല. എന്നാല്‍ ഇന്നും കാനോനാകളനുസരിച്ച് നോമ്പനുഷ്ഠിക്കുന്നവര്‍ വളരെയുണ്ടെന്ന ആശ്വാസവും സഭയ്ക്കുണ്ട്. നോമ്പുകളിലും മറ്റു നോമ്പു ദിവസങ്ങളിലും നോമ്പിലെ വര്ജ്യഭക്ഷണങ്ങളായ പാല്, മുട്ട തുടങ്ങിയവയുടെ അംശങ്ങള്‍ പോലും കലര്‍ന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുവാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കാറുമുണ്ട്. ഇറച്ചിയും മുട്ടയും മീനും പാലുമൊക്കെ വര്‍ജ്ജിക്കുന്നവര്‍ പലരും തത്തുല്യമായ പോഷകങ്ങള്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന സസ്യാഹാരങ്ങള്‍ രുചികരമായി പാകം ചെയ്തു കഴിക്കുന്നതില്‍ അവര്‍ സംതൃപ്തി കണ്ടെത്തുന്നു. നോമ്പെടുത്താലും ശരീരാരോഗ്യം നിലനിര്‍ത്തുവാന്‍ കഴിയുന്നുവെന്നതില്‍ ഇക്കൂട്ടര്‍ സംതൃപ്തരുമാണ്. കല്പന ലംഘിക്കുകയും വേണ്ടാ, നോമ്പെടുക്കുകയും ശരീരാരോഗ്യം നിലനിര്‍ത്തുകയും ചെയ്യാമെന്ന കാര്യത്തില്‍ അവര്‍ വിജയിക്കുന്നുണ്ട്. ഉച്ചവരെ ഉപവസിച്ചാലും മൂന്നു മണിവരെ ഉപവസിച്ചാലും തുടര്‍ന്ന് സമൃദ്ധമായി പലപ്രാവശ്യം ഭക്ഷണം കഴിക്കുവാന്‍ രാത്രി 12 മണിവരെ സമയമുണ്ടല്ലോ എന്നതില്‍ ആശ്വസിക്കുന്നവരുമുണ്ട്. ഇങ്ങിനെ ഉയിര്‍പ്പുപെരുന്നാളിലേക്കുള്ള അവരുടെ ഒരുക്കം പൂര്‍ണ്ണമാവുന്നു!
ഇവിടെ ഒരു ചോദ്യമുദിക്കുന്നു. നോമ്പെന്നു പറഞ്ഞാല്‍ ഇതൊക്കെത്തന്നെ മതിയോ? ഭക്ഷണ നിയന്ത്രണം കൊണ്ടുമാത്രം നമുക്ക് ഉയിര്ത്തെഴുന്നേല്പ്പു പെരുന്നാളില്‍ പൂര്‍ണ്ണമായി സന്തോഷിക്കാനാവുമോ? വലിയ നോമ്പിലെ നമസ്ക്കാര ക്രമത്തില്‍ നിന്നും ഇതില്‍ കൂടുതലായി അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ പിതാക്കന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ ആലാപനം എക്കാറാ തെറ്റാതെ മധുരമായും ഹൃദ്യമായും നടത്തുക എന്നതിനെക്കാള്‍ നോമ്പിന്റെ യഥാ ര്‍ത്ഥ അര്‍ത്ഥം അവയില്‍ ഉള്‍ക്കൊണ്ടിരിക്കുന്നത് മനസ്സിലാക്കി ഈ നോമ്പുകാലത്ത് നമ്മുടെ ജീവിതത്തില്‍ അവ സ്വാംശീകരിക്കുവാന്‍ കഴിയുമ്പോള്‍ നമ്മുടെ നോമ്പനുഷ്ഠാനത്തിന്റെ പൂര്‍ത്തീകരണത്തോടെ ഉയിര്പ്പുപെരുന്നാളില് സന്തോഷിക്കുവാന്‍ കഴിയും.
ചുരുക്കം ചില പ്രാര്‍ത്ഥനകള്‍ ഉദ്ധരിക്കുന്നതിലൂടെ നോമ്പിന്റെ അടിസ്ഥാനമായ മൂന്നു അര്‍ത്ഥതലങ്ങള്‍ നമുക്കു വെളിവാകും.
നോമ്പുമുഖാന്തിരം നമുക്ക് യഥാസ്ഥാനപ്പെടേണ്ടത്:
1) ദൈവവുമായുള്ള നമ്മുടെ ബന്ധം പുതുക്കണം
2) സഹോദരങ്ങളുമായുള്ള ബന്ധം പുതുക്കണം
3) പ്രപഞ്ചവുമായുള്ള ബന്ധം പുതുക്കണം
ഈ മൂന്നു കാര്യങ്ങളും സൂചിപ്പിക്കുന്നതാണ് വലിയ നോമ്പിലെ ബുധനാഴ്ചയുടെ പ്രഭാതനമസ്ക്കാരം മൂന്നാം എനിയോനോയുടെ ആദ്യഭാഗം.
“നിര്‍മ്മല നോമ്പാല്‍ കര്‍ത്താവേ!
തിന്മകളെ കൈവെടിയാനും
ദൈവപ്രീതിയെ സമ്പാദി-
ച്ചന്യോന്യം സ്നേഹിപ്പാനും
ക്ഷമയും കനിവും നേടാനും
യോഗ്യത ഞങ്ങള്ക്കേകേണം”
പാപങ്ങളെ ഉപേക്ഷിച്ച് ദൈവസ്നേഹം അനുഭവിക്കുവാനും മറ്റുള്ള നമ്മുടെ സഹോദരങ്ങളെ പരിപൂര്‍ണ്ണമായി സ്നേഹിക്കുവാന്‍ ലോകത്തിലുള്ള എല്ലാ മനുഷ്യരോടും ജീവജാലങ്ങളോടും കരുണയും മനോഗുണവും കാണിക്കുവാനും ആരെയും ഒന്നിനെയും സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി ചൂഷണം ചെയ്യാതിരിക്കുന്നതുമായ ജീവിതശൈലിയാണ് നോമ്പുകൊണ്ട് ഉദ്ദേശിക്കുന്നത്.
- ദൈവബന്ധം പുതുക്കണം
“നിന് സൗഭാഗ്യം നേടാന്‍ നിന്നെപിന്പറ്റും ഞാന്‍
നാണിക്കരുതേ! വാഴണമെന്മേല് നിന്റെ വലംകൈ
ഞാന്‍ നിന്റേതായ് തീരണമെന്നാണെന് ഹിതമേകം
വന്ദിക്കുന്നേന്‍ ദീനദയാലോ നാഥാ! താതാ!
(തിങ്കളാഴ്ച സൂത്താറാ)
ദൈവബന്ധത്തില്‍ ദൈവയിഷ്ടം പ്രവര്‍ത്തിച്ചു ജീവിക്കുവാനാണല്ലോ ദൈവം നമ്മെ സൃഷ്ടിച്ചത്. നമ്മുടെ പാപം മുഖാന്തിരം ആദാമിനെപ്പോലെ ദൈവമുഖം കാണാന്‍ ലജ്ജിക്കുന്ന നമ്മുടെ ഓടിഒളിയ്ക്കല് മാറണമെങ്കില്‍ ഹൃദയശുദ്ധീകരണം ഉണ്ടാവണം. “ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്, അവര്‍ ദൈവത്തെ കാണും” (മത്താ. 58). ദൈവമുഖം പ്രകാശിച്ച് നമ്മള് യഥാസ്ഥാനപ്പെടുവാന്‍ (സങ്കീ. 80:3,7,19) ഈ നോമ്പില്‍ ലക്ഷ്യം വയ്ക്കണം. നമ്മുടെ ശരീരങ്ങളെ ദൈവത്തിനു ജീവനും വിശുദ്ധിയും പ്രസാദവുമുള്ള യാഗമായി അര്‍പ്പിക്കണമെന്ന വി. പൗലോസ് ശ്ലീഹായുടെ പ്രബോധനം (റോമ. 12:1) ഭക്ഷണം വെടിയുന്നതിലും കുമ്പിടീലിലും പ്രാര്‍ത്ഥനകള്‍ നാവിനാല്‍ ഉരുവിടുന്നതിലും കൂടി മാത്രമല്ല നോമ്പനുഷ്ഠാനം എന്ന് വ്യക്തമാക്കുന്നു.
“പാവന ഹൃദയത്തൊടു തിന്മയെ ദൂരത്താക്കി
പൂര്‍ണ്ണ വിവേകത്തൊടു നോമ്പേല്ക്കുന്നോന് ഭാഗ്യനിധി
(തിങ്കളാഴ്ച മൂന്നാം മണി)
ഹൃദയത്തില്‍ നിന്നും തിന്മകളോടുള്ള അഭിവാഞ്ജയെ യാഗമായി അര്‍പ്പിക്കുമ്പോള്‍ മാത്രമെ നമ്മുടെ ഹൃദയം സ്വസ്ഥമാകൂ. ചിന്തയുടെ അന്യായമായ കുതിപ്പിനു കടിഞ്ഞാണിടണം.
പ. മാബൂഗിലെ വി. പീലക്സിനോസ് “ക്രിസ്തീയ ശിഷ്യത്വം” ( Christian discipleship ) എന്ന പുസ്തകത്തില്‍ “ലോകത്തില്‍ നിന്ന് ബാഹ്യമായി മാത്രം പിന്മാറിയാല് പോര, ശരിയായ പിന്മാറ്റം ആന്തരീയമാണ്, അത് ചിന്തകളിലും മനസ്സിന്റെ വ്യാപാരങ്ങളില്‍ നിന്നുമാകണം. കാരണം മനസ്സാണ് വിശ്വാസത്തിന്റെ പ്രവര്‍ത്തന മണ്ഡലം” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
ഉള്ക്കാമ്പീന്നന്യായത്തില് കെട്ടുകള്‍ നീക്കി
പരവഞ്ചനയുടെ പാശത്തെ മുറ്റും ഛേദിക്ക”
(ചൊവ്വ സന്ധ്യ)
അതിക്രമങ്ങള്‍ ചെയ്യുവാനുള്ള മോഹത്തെ ഹൃദയത്തില്‍ നിന്നും വിപാടനം ചെയ്യണം.
തിന്മകളില് നിന്നുള്ള പിന്മാറ്റം ബാഹ്യപ്രവൃത്തികളില് നിന്നല്ല അന്തരംഗത്തില്‍ നിന്നാവണം.
ദുഷ്ടവിചാരങ്ങളെയാത്മം
വര്ജ്ജിക്കുന്നില്ലെന്നാകില്
വ്യര്ത്ഥമഹോ ഭക്ഷണനോമ്പേറ്റം”
(ബുധന്‍ പ്രഭാതം)
നിസ്സായിലെ വി. ഗ്രീഗോറിയോസ്
“മത പ്രബോധനങ്ങള്‍” ( Catachetical Orations )
“നമ്മുടെ ബുദ്ധി ജഡത്തിന്റെ പരിമിതിയില്‍ ഒതുങ്ങി നില്ക്കുന്നില്ല. സ്ഥൂലശരീരം അതിന്റെ അവയവങ്ങളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. എന്നാല്‍ ബുദ്ധിയുടെ ചലനാത്മകത മൂലം ദേഹി സര്‍വ്വ പ്രപഞ്ചത്തെയും ആശ്ലേഷിക്കുന്നു. അത് സ്വര്‍ഗ്ഗത്തിലേക്കു കയറുന്നു, ആഴത്തിലേക്ക് അത് ഇറങ്ങും, പ്രപഞ്ചമാനങ്ങളില്ക്കൂടി അത് സഞ്ചരിക്കും, പ്രപഞ്ചത്തിന്റെ ആഴങ്ങളില്‍ അതു വ്യവഹരിക്കും”.
അതുകൊണ്ട്
“ആഹാരത്തോടൊപ്പം വായ് ദുര്വ്വചനം വെടിയേണം” (വ്യാഴം സന്ധ്യ)
എന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
വി. പൗലോസ് ശ്ലീഹായുടെ റോമാലേഖനം 12:1 നെക്കുറിച്ച് സ്വര്‍ണ്ണ നാവുകാരന് മാര്‍ ഈവാനിയോസ് പറയുന്നത് ഇപ്രകാരമാണ്. “നമ്മുടെ ശരീരം എങ്ങനെ യാഗമാക്കാം. കണ്ണ് തിന്മയെ നോക്കാതിരിക്കുക, നാവ് തിന്മ പറയാതിരിക്കുക, കൈകള്‍ കൊണ്ട് അധര്‍മ്മ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക; നമ്മുടെ കൈകാലുകളും വായും അധരങ്ങളും നമ്മുടെ എല്ലാ അവയവങ്ങളും ഇപ്രകാരം യാഗം ആയിത്തീരുക” (റോമാ ലേഖന വ്യാഖ്യാനം).
അവയവങ്ങള്‍ തിന്മ പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ അവ ദൈവവുമായി യോജിക്കുന്നു. അപ്പോള്‍ അവ ദൈവത്തിനു പ്രസാദമുള്ളതാവും. പൈശാചിക മരണത്തില്‍ നിന്നു മാറി ക്രിസ്തുവിനോടു യോജിച്ച് ജീവനുള്ള ബലിയായിത്തീരുകയും ചെയ്യും. പഴയനിയമ ബലിയില്‍ യാഗമൃഗം മരിക്കുന്നു. പുതിയ നിയമ ബലിയില്‍ യാഗവസ്തു ബലിയര്‍പ്പിക്കപ്പെടുമ്പോള്‍ ജീവനിലേക്കു മാറ്റപ്പെടുന്നു. കൊലൊസ്യര്‍ 3:5ല്‍ നമ്മുടെ അവയവങ്ങളെ മരിപ്പിക്കുവാന്‍ പൗലോസ് ശ്ലീഹാ പറയുന്നത് അവ ഇപ്രകാരം ജീവനുള്ളതായിത്തീരുന്നതിനാണ്
സിറിയയിലെ വി. ഇസ്സഹാക്ക് ( AD 613-700 ) (പൗരസ്ത്യ സുറിയാനി സഭ)
“വികാരങ്ങള്‍”,”പ്രപഞ്ചം” എന്ന പ്രതിപാദനത്തില്‍:
“ധനമോഹം, ഉടമസ്ഥാഭിനിവേശം, ലൈംഗിക ആസക്തിയിലുള്ള ശാരീരിക സന്തോഷം, അസൂയയിലേക്കു വഴി നടത്തുന്ന ബഹുമതികളോടുള്ള അഭിവാഞ്ച, ഔദ്ധത്യത്തിനും അഹങ്കാരത്തിനും കാരണമാകുന്ന അധികാര പ്രമത്തത, ആഡംബര വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ് സ്വയപ്രദര്ശനത്തിനുള്ള അഭിനിവേശം, ഭയത്തിനും വെറുപ്പിനും കോപത്തിനും കാരണമായിത്തീരുന്ന മനുഷ്യപുകഴ്ത്തപ്പെടലിനുള്ള അഭിലാഷം ഇവയെല്ലാം നാം അതിജീവിക്കണം.
കൊല്ലാന്‍ പിടിക്കപ്പെടുന്ന ഏതു മൃഗവും അതിന്റെ ജീവന് നിലനിര്‍ത്തുന്നതിനുവേണ്ടി കുതറിമാറുവാന്‍ ബദ്ധപ്പെടുമെന്നതുപോലെ നമ്മുടെ അഹങ്കാരവും സ്വാര്‍ത്ഥതയും നമ്മുടെ പാപവികാരങ്ങളെ മരിക്കാതിരിക്കുവാന്‍ എല്ലാ ന്യായീകരണങ്ങളും നടത്തി അതില്‍ തുടരുവാന്‍ ബദ്ധശ്രദ്ധരാകുമെന്നത് സത്യമാണ്. വേദപുസ്തക വായവനയും കൗദാശികാനുഷ്ഠാനങ്ങളും ഈ അതിജീവനത്തിലൂടെ ദൈവബന്ധത്തില്‍ യഥാസ്ഥാനപ്പെടുവാന്‍ നമ്മ സഹായിക്കും.
2. സഹോദര ബന്ധം പുതുക്കണം
മൂന്നു ഗീതങ്ങള്‍ ശ്രദ്ധിക്കാം
“സഹജരെയും ശത്രുഗണത്തെയും
നീയൊരുപോല് സ്നേഹിച്ചീടേണം
കര്‍ത്താവപ്പോള്‍ പ്രാര്‍ത്ഥന കേട്ടീടും കൃപചെയ്യും”
(ചൊവ്വ രാത്രി നാലാം കൗമ)
“പ്രിയരേ നിയമത്തില്‍ നിറവായ് തമ്മില്‍ തമ്മില്‍ സ്നേഹിപ്പീന്, ചിലരാഹാരം കൈവെടിയും കരളില്‍ പകയും സ്പര്ദ്ധയുമാം, ചിലര്‍ മദ്യത്തെയുപേക്ഷിക്കും സോദരനെ ഒളിവില്‍ കൊല്ലും”
(ചൊവ്വ മൂന്നാം മണി)
“നാവിലധര്മ്മം കാണരുതേ, സഹജവൃണത്തില് കുത്തരുതേ, പരനില്‍ കുറ്റം ചാര്‍ത്തരുതേ, കുറ്റക്കാരായ്ത്തീരല്ലേ”
(വ്യാഴം പ്രഭാതം)
മറ്റുള്ളവരോടുള്ള നമ്മുടെ സഹോദര സ്നേഹം ക്ഷമയില്‍ അധിഷ്ഠിതമാണ്. നമ്മുടെ അനവധിയായ പാപങ്ങള്‍ ദൈവകോപം നമ്മുടെ മേല്‍ വരുത്തുവാന്‍ ഇടയാകും. അവ എല്ലാം, നമ്മുടെ സത്യഅനുതാപത്തിന്റെ അടിസ്ഥാനത്തില്‍ നിരുപാധികം ദൈവം നമ്മോടു ക്ഷമിക്കുമ്പോള്‍ മറ്റുള്ളവരോടുള്ള നമ്മുടെ പകയും വൈരാഗ്യവും വിദ്വേഷവും വെറുപ്പും ഉപേക്ഷിക്കുവാനും അവരുടെ സര്വ്വോന്മുഖ നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടി നിര്‍വ്യാജം പ്രാര്‍ത്ഥിക്കുവാനും നമുക്കു കഴിയും. അപ്പോള്‍ നമ്മുടെ നോമ്പ് ഫലപ്രദമാകും. മറ്റുള്ളവരോടുള്ള നമ്മുടെ മാനസിക അടുപ്പം എങ്ങിനെയായിരിക്കുന്നുവോ അതുതന്നെയായിരിക്കും ദൈവത്തിനു നമ്മോടും ഉണ്ടാവുന്നതെന്ന് മനസ്സിലാക്കുവാന്‍ വലിയ പ്രയാസമില്ലല്ലോ.
എല്ലാവരോടും സ്നേഹത്തിലുള്ള അടുപ്പം നമുക്ക് ആവശ്യം തന്നെ; പക്ഷേ അകലം പാലിക്കുവാന്‍ മറക്കുകയുമരുത്. അല്ലാത്ത പക്ഷം ബന്ധങ്ങള്‍ ബന്ധനങ്ങളായി മാറാം.
ദൈവം നമ്മോടും മറ്റുള്ളവോടും ക്ഷമിക്കുമ്പോള്‍ നമ്മുടെയും അവരുടെയും പിതാവായ ദൈവം നമ്മില്‍നിന്നു പ്രതീക്ഷിക്കുന്നത് നമുക്ക് മറ്റുള്ളവരോടുള്ള ക്ഷമയായിരിക്കുമല്ലോ. ‘കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുവാന്‍ കഴിയുകയില്ല (1 യോഹ. 4:20) എന്നവാക്യം നമ്മുടെ ദൈവസ്നേഹത്തിന് ഒരു മാനദണ്ഡം വച്ചിരിക്കുകയാണ്. സ്വാര്‍ത്ഥതയെയും അഹങ്കാരത്തെയും നമ്മില്‍ യാഗമാക്കാതെ സഹോദരനോടു ക്ഷമിക്കുവാനോ അവന്റെ പാപങ്ങള്‍ പരസ്യമാക്കാതിരിക്കുവാനോ അവനെക്കുറിച്ച് ഏഷണി പറയാതിരിക്കുവാനോ അവനോട് വെറുപ്പും വൈരാഗ്യവും വിദ്വേഷവും വച്ചുപുലര്ത്താതിരിക്കുവാനോ നമുക്കു കഴിയില്ല. നമുക്കു വെറുപ്പു തോന്നുന്നവര്ക്കുവേണ്ടിയും നമ്മെ വെറുക്കുന്നുവെന്നു നമുക്കു തോന്നുന്നവര്ക്കുവേണ്ടിയും അവര്‍ക്ക് ഇന്നുള്ളതിനെക്കാള്‍ വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകുവാന്‍ നിര്‍വ്യാജമായി പ്രാര്‍ത്ഥിക്കുക എന്ന ഔഷധം കുടിച്ചിറക്കുവാന്‍ വളരെ പ്രയാസമുള്ളതെങ്കിലും രോഗസൗഖ്യം പൂര്ണ്ണമാക്കുമെന്നതില് സംശയമില്ല. ഇതിന് വ്യക്തിപരമെന്നതിനെക്കാള്‍ വലിയ സാമൂഹ്യമാനമുണ്ട്. സമൂഹത്തില്‍ നന്മ വളരേണ്ടത് നമ്മുടെ അനിവാര്യമായ ആവശ്യമാണ്.
“ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ”
എന്ന സങ്കീര്‍ത്തനവാക്യം (39:5) നാം മറന്നുകളയരുത്. ഇന്ന് സഹോദരനോടുള്ള ബന്ധം പുതുക്കാം. നാളെ അതിനു സമയം കിട്ടുമോ എന്നറിയില്ലല്ലോ. നോമ്പിന്റെ മനോഹരമായ നിറം അതാകട്ടെ. സഹോദരനുമായി നമുക്ക് യഥാസ്ഥാനപ്പെടാം.
3. പ്രപഞ്ചത്തോടുള്ള ബന്ധം പുതുക്കാം
ദൈവയിഷ്ടത്തിനു വിപരീതമായി ഭൂമിയുടെ ഫലത്തെ ചൂഷണം ചെയ്ത ആദാമിനോട് നീ മൂലം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നുവെന്ന ദൈവവചനം (ഉല്പ.3:17) പ്രപഞ്ചത്തെ ജീര്‍ണ്ണതയില്‍ നിന്നും രക്ഷിക്കുവാനുള്ള മനുഷ്യ ഉത്തരവാദത്തത്തിലേക്കു വിരല്‍ ചൂണ്ടുന്നു. “സൃഷ്ടി മുഴുവനും ദൈവപുത്രന്മാരുടെ വെളിപാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു” എന്നും “സര്‍വ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നുവെന്നും” (റോമാ. 8:19, 23) വി. പൗലൂസ് ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നത് ഈ നിലയിലായിരിക്കും.
സൃഷ്ടിയില്‍ ദൈവസ്നേഹം പ്രകടമാകണം. മറ്റുള്ളവരെയും പ്രപഞ്ചത്തെയും ചൂഷണം ചെയ്യുന്നത് നിര്‍ത്തിവച്ച് മറ്റുള്ളവരോട് ദയയും കരുണയും കാണിക്കുന്നവരായും പ്രകൃതിയെ സ്നേഹിക്കുന്നവരായും നമുക്കു മാറ്റമുണ്ടാവണം.
മാബൂഗിലെ മാര്‍ പീലക്സിനോസ്
(സന്ധ്യയിലെ രഹസ്യ പ്രാര്‍ത്ഥന)
“നീ സൃഷ്ടിച്ചിട്ടുള്ള പല ജാതി ഊമവര്ഗ്ഗങ്ങളില് നിന്ന് അവയുടെ എണ്ണപ്രാരം നിനക്കു സ്തുതി. സകല വൃക്ഷങ്ങളില്‍ നിന്നും തൃണങ്ങളില്‍ നിന്നും അവയുടെ എണ്ണപ്രകാരം നിനക്കു സ്തുതി”
പ്രപഞ്ചത്തെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് സൃഷ്ടിവ്യൂഹത്തിന്റെ മകുടമായ മനുഷ്യന് അതിന്റെ പ്രതിനിധിയായിനിന്നു കൊണ്ടുള്ള ഈ ദൈവസ്തുതി ആദാം മുഖാന്തിരം ഭൂമിയിക്കുണ്ടായ ശാപജീര്ണ്ണതയില് നിന്നും അതിനെ വീണ്ടെടുക്കുവാനുള്ളതാണ്.
ഇഗ്നാത്തിയോസ് നൂറോനോ എഫേസ്യര്‍ക്കുള്ള ലേഖനത്തില്‍ ( Letters to Ephesians ) “പ്രപഞ്ചത്തിലെ വെള്ളം ശുദ്ധീകരിക്കുവാന്‍ യേശു യോര്ദ്ദാന് നദിയില്‍ സ്നാനമേറ്റു” എന്ന് രേഖപ്പെടുത്തി. ആയതിനാല്‍ മാമോദീസാത്തൊട്ടിയില്‍ നാം കുരിശു വയ്ക്കുന്ന പാരമ്പര്യം ഉടലെടുത്തു. അപ്രകാരം ലോകത്തിലെ വെള്ളം വാഴ്ത്തി ശുദ്ധീകരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. ദനഹാ ശുശ്രൂഷയിലെ വെള്ളം വാഴ്വില്
“ലോകത്തിലെ സകല ജലാശയങ്ങളെയും വാഴ്ത്തുന്നു! (ആണ്ടുതക്സാ, page.172)
“മശിഹായുടെ തോട്ടത്തില്‍ ധാര്‍മ്മിക സേവന തല്പ്പരരായ്
ആത്മീയമതാകും ജീവന് കരഗതമാക്കിയവന് ധന്യന്‍” (ചൊവ്വ രാത്രി)
മശിഹായുടെ തോട്ടം സഭയാണ്. പക്ഷെ പ്രപഞ്ചബന്ധിതമാക്കി അതിനെ വീക്ഷിക്കാം.
“ഓശാനയില്‍ കുരുത്തോലകള്‍ വാഴ്ത്തപ്പെടുമ്പോള്‍ അവ വെട്ടപ്പെട്ട വൃക്ഷങ്ങളും വാഴ്ത്തപ്പെടുന്നു”. നമ്മുടെ ആരാധന മുഖാന്തിരം പ്രപഞ്ചം ശുദ്ധീകരിക്കപ്പെടുന്നു എന്ന് വിവക്ഷിക്കുന്നു.
പ്രാര്‍ത്ഥനയിലും നോമ്പിലും ആരാധനയിലും നിര്‍ബന്ധമായും നിശ്ചിത സമയത്തും നാം സംബന്ധിക്കേണ്ട ആവശ്യമുണ്ടോയെന്ന് തോന്നിയേക്കാം. ഏഴുനേരത്തെ പ്രാര്‍ത്ഥന ഒരു ദിവസത്തിലെ യാമങ്ങളെ ശുദ്ധീകരിക്കുന്നു. രാവുകളും പകലുകളും യാമപ്രാര്ത്ഥനകളാല് ശുദ്ധീകരിക്കപ്പെടുന്നു. നമ്മുടെ ഏത് ആരാധനയും പ്രപഞ്ച ശുദ്ധീകരണത്തിന് ഉതകുന്നുണ്ട്. അപ്രകാരം ഇവയില്‍ക്കൂടി ലോകരൂപാന്തരീകരണത്തിന് ദൈവത്തോടു നാം സഹകരിക്കുകയാണ്. ഇവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നിരുത്തരവാദിത്തം പ്രകടമാക്കും; ദോഷം പ്രവര്‍ത്തിക്കുന്നത് ദൈവത്തിന്റെ ലോകരൂപാന്തര പ്രക്രിയയ്ക്കെതിരെയുള്ള പ്രതിപ്രവര്‍ത്തനമാകുന്നു. നന്മയുടെ പുരോഗമനമാണ് രൂപാന്തര പ്രക്രിയയുടെ അടിസ്ഥാനം.
നോമ്പിലെ പ്രാര്‍ത്ഥനയുടെ ധ്യാനാത്മക ശബ്ദം പ്രപഞ്ചത്തിന്റെയും വ്യക്തിയുടെയും ആന്തരിക സമസന്തുലിതാവസ്ഥയെ ( internal harmony ) ത്വരിതപ്പെടുത്തുന്നു. അതേസമയം ആരാധനയില്‍ ശബ്ദകോലാഹലം ഉണ്ടാക്കുന്നത് മേല്പറഞ്ഞ സന്തുലിതാവസ്ഥയെ നശിപ്പിക്കുന്നു. മന്ദമാരുതനും ശാന്തമായ കടല്‍തിരകളും ആഹ്ലാദം പകരുന്നു എങ്കിലും കൊടുങ്കാറ്റും സുനാമിയും നാശം വിതയ്ക്കുമല്ലോ.
വി. കുര്‍ബ്ബാനയിലെ അപ്പവീഞ്ഞു വാഴ്വില്ക്കൂടി പ്രപഞ്ചത്തിലെ ഖര-ദ്രവങ്ങള്‍ വാഴ്ത്തപ്പെടുന്നു എന്നത് സഭാപിതാക്കന്മാരുടെ പൊതു വ്യാഖ്യാനമാണ്.
അപ്രേമിന്റെ മെമ്രാ (അനുതാപം) – പാമ്പാക്കുട നമസ്ക്കാരം, പേജ് 494.
ഗര്‍ഭിണിയെ വിധികര്‍ത്താക്കള്‍
കൊല്ലാനേല്പ്പിക്കാത്തതുപോല്
നിന് മെയ് രക്തങ്ങള്‍ പേറും
ഭൂമിയെ നീ ശിക്ഷിക്കരുതേ!
മനുഷ്യന് മൂലം ശപിക്കപ്പെട്ട ഭൂമി മനുഷ്യന്റെ വി. കുര്‍ബ്ബാനാനുഭവം മൂലം ശാപ മോക്ഷം പ്രാപിക്കുന്നു.
നിന് ദാസന്മാരുള്ക്കൊണ്ട നിന് തിരുരക്തശരീരങ്ങള്‍
ഞങ്ങളുടെ ദേശത്തിന്റെ രക്ഷയ്ക്കായുതകീടണമെ!
മനുഷ്യന് അനുഭവിക്കുന്ന വി. കുര്‍ബ്ബാന മുഖാന്തിരം ദേശം ശുദ്ധീകരിക്കപ്പെടുന്നു എന്ന് സാരം.
ശരിയായ നോമ്പ് എങ്ങിനെ അനുഷ്ഠിക്കണമെന്ന് ഏശായാ പ്രവാചകന് രേഖപ്പെടുത്തുന്നു
“അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക, പീഢിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക, എല്ലാ നുകത്തെയും തകര്‍ക്കുക; ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം? വിശപ്പുള്ളവനു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുതിരിഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടില്‍ ചേര്‍ത്തുകൊള്ളുന്നതും നഗ്നനെക്കണ്ടാല് അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവര്‍ക്കു നിന്നെ മറയ്ക്കാതിരിക്കുന്നതും അല്ലയോ” (യശ. 58:6,7).
ഇതുതന്നെ നമ്മുടെ ജീവിതശൈലിയെന്ന് യേശുവും പറയുന്നു. “എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില് ഒരുത്തനു നിങ്ങള്‍ ചെയ്തിടത്തോളം എല്ലാം എനിക്കു ചെയ്തതാകുന്നു” (മത്തായി 25:40).
പ്രകൃതി വിഭവങ്ങള്‍ നാം അത്യാഗ്രഹത്തോടെ അമിതമായി ഉപയോഗിച്ചു തീര്‍ക്കുമ്പോള്‍ പ്രകൃതിയുടെ താളാത്മകത നഷ്ടപ്പെടുന്നു. ആയതിനാല്‍ നോമ്പനുഷ്ഠാനം പ്രകൃതിയുടെ താളാത്മകതയെ പുനസ്ഥാപിക്കുന്നു. പ്രകൃതി വിഭവങ്ങളുടെ അമിത ഉപഭോഗതൃഷ്ണയ്ക്കു കടിഞ്ഞാണിട്ട് നോമ്പില്ക്കൂടി നമ്മുടെ ആഹാരങ്ങളും സമ്പത്തും മറ്റുള്ളവര്‍ക്ക് പങ്കുവയ്ക്കുന്നതുവഴി ലോകരൂപാന്തരീകരണത്തിനുള്ള ദൈവിക പദ്ധതിയില്‍ നാം ഭാഗഭാക്കായിത്തീരുന്നു.
നമ്മുടെ കാരുണ്യ പ്രവര്‍ത്തികള്‍ക്ക് അതിര്‍വരമ്പില്ല. “ചെറിയവര്‍” എന്ന യേശുവിന്റെ വാക്കുകളില്‍ പ്രപഞ്ചത്തിലെ സര്വ്വചെറിയവരെയും ഉള്‍ക്കൊള്ളുന്നുണ്ടല്ലോ. സൂര്യപ്രകാശത്തിനും മഴയ്ക്കും വെയിലിനും മണ്ണിനും അങ്ങനെ പ്രകൃതി ദാനങ്ങള്ക്കൊന്നും ദൈവം അതൃത്തി വച്ചിട്ടില്ല; ദൈവമക്കളായ നമുക്കും ഈ അതിരുകുറിക്കല് ഭൂഷണമാകില്ലല്ലോ.
സാമൂഹ്യ പ്രതിബദ്ധതയോടെയുള്ള ജീവിതം നോമ്പില്ക്കൂടി പ്രതിഫലിക്കണം. പ്രപഞ്ചത്തെ അനീതിയില്‍ നിന്നും ജീര്‍ണ്ണതയില്‍ നിന്നും രക്ഷിക്കുവാനുള്ള പ്രവര്‍ത്തികള്‍ നോമ്പിന്റെ മാനമാണ്. കാരുണ്യ പ്രവര്‍ത്തികള്‍ അതിന്റെ ആവിഷ്ക്കാരമാണ്.
“നീ രാജാവിങ്കല്‍ ദുര്‍ഗ്ഗന്ധം വീശീടായ്വാന്
നോമ്പേല്ക്കുമ്പോള് സോദരവൈരം വിട്ടീടേണം
ദ്വേഷിപ്പോനില്പ്പോലും ശാപം പാടില്ലേതും
ശാപത്താല്‍ നിന് നോമ്പു ദുഷിക്കും ദൈവം തള്ളും”
(ബുധന്‍ രാത്രി നാലാം കൗമ)
സത്യമായ നോമ്പിന്റെ സുഗന്ധം സഹോദര സ്നേഹത്തില്‍ അധിഷ്ഠിതമാണ്.
“ഭ്രാതൃസ്നേഹം വിട്ടോനെന്തിന്നീ നോമ്പേല്പ്പൂ
കാരുണ്യം താന്‍ കര്ത്താവിന് നോമ്പെന്നോര്ക്കേണം”
സമ്പത്താകെ പങ്കീട്ടീടാന് ദൈവത്താലെ
കാര്യക്കാരായ് നിയമിതരാണീ സമ്പന്നന്മാര്”
(ബുധന്‍ പ്രഭാതം)
നോമ്പില്ക്കൂടി പ്രപഞ്ചത്തില്‍ കാരുണ്യത്തിന്റെ സുഗന്ധം പടരണം. പ്രപഞ്ചശുദ്ധീകരണത്തിന്നായി ‘അണ്ണാന് കുഞ്ഞും തന്നാലായത്’ എന്നപോലെ നമുക്കും ഭാഗഭാക്കാകുവാന്‍ കഴിയണം.
ധനത്തിന്റെ കാര്യവിചാരകരായ നമ്മള് അതിന്റെ ഉടമസ്ഥത കൈവരിക്കാനുള്ള വ്യഗ്രതയില്‍ നിന്നു ദൈവികമായി സ്വതന്ത്രരാകുമ്പോള്‍ ദൈവത്തിന്റെ പ്രപഞ്ച നീതി ആവിഷ്ക്കരിക്കപ്പെടും.
പ്രപഞ്ച പ്രതിബദ്ധത നോമ്പിന്റെ അടിത്തറയായി പിതാക്കന്മാര് ഉപദേശിച്ചു.
“ഭക്ഷ്യത്തില്‍ മാത്രം നോമ്പുള്ളോന് നേരായ്
നോമ്പേല്പ്പോനല്ല നിഷ്ഫലമായിടൂമീ
ഭക്ഷണനോമ്പതിനെ ദ്വേഷിപ്പൂ ദൈവം- അന്യായം വിടുവിന്‍” (വെള്ളി സന്ധ്യ)
ഹൃദയ ശുദ്ധീകരണം, സഹോദരസ്നേഹം പ്രപഞ്ച നീതി സംസ്ഥാപനം ഇവയാണ് നോമ്പിന്റെ യഥാര്‍ത്ഥ പ്രതിഫലനങ്ങള്‍.
ഇപ്രകാരം നാമും നമ്മുടെ സഹോദരഹങ്ങളും നമ്മുടെ പ്രപഞ്ചവും യഥാസ്ഥാനപ്പെടണം. നമുക്ക് മോശയെപ്പോലെ ദൈവമുഖ ശോഭ നേടണം. നിനുവയെപ്പോലെ രക്ഷിക്കപ്പെടണം. അങ്ങനെ നോമ്പില്ക്കൂടി മോശയെപ്പോലെ ദൈവമുഖ ശോഭ നേടുവാന്‍ നമുക്ക് യഥാസ്ഥാനപ്പെടാം.